
കൊച്ചി: നഗരത്തിന്‍റെ സുസ്ഥിരവികസനത്തിനും പരിസ്ഥിതി-പൈതൃക സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന കൊച്ചി നഗരസഭയുടെ സ്ഥാപനമായ സെന്‍റർ ഫോർ ഹെറിറ്റേജ് എൻവയോൺമെന്‍റ് ആൻഡ് ഡെവലപ്മെന്‍റ് (സി-ഹെഡ്) നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ആലുവ പരിസ്ഥിതി സംരക്ഷണ സംഘത്തിന്‍റെ ഈ വർഷത്തെ ഭൂമിമിത്ര അവാർഡ് ലഭിച്ചു. നഗരാസൂത്രണത്തിനൊപ്പം പ്രകൃതിയെയും പൈതൃകത്തെയും ചേർത്തുപിടിക്കണമെന്ന ദീർഘവീക്ഷണമാണ് സി-ഹെഡിനെ അവാർഡിനർഹമാക്കിയത്ത്. നഗരഭരണത്തിന്‍റെ നൂതന മാതൃക എന്ന നിലയിൽ കേന്ദ്രസർക്കാരിന്‍റെ 2019-20 വർഷത്തെ ഹഡ്‌കോ അവാർഡും സി ഹെഡ് നേടിയിരുന്നു.
ആദ്യത്തെ ഭൂമിമിത്ര അവാർഡ് ലഭിച്ചത് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ എം.കെ പ്രസാദിനായിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ കാര്യക്ഷമതയോടെ സുസ്ഥിര വികസന-പരിസ്ഥിതി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഈ പുരസ്കാരം പ്രചോദനമാകുമെന്ന് മേയർ അഡ്വ.വി കെ മിനിമോൾ പറഞ്ഞു.







